2020ലെ ജെ.സി.ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രനെ തിരഞ്ഞെടുത്തതായി സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഈ മാസം 23ന് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും. സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും, നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നടി സീമ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.ജയചന്ദ്രന്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്. മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ജെ.സി.ഡാനിയേല്‍ അവാര്‍ഡ്.
Comments
Post a Comment