ജയൻ(1939-1980)ചരമദിനം
പൗരുഷത്തിന്റെ പ്രതീകമായി ഒരുകാലത്ത് ജ്വലിച്ചു നിന്നിരുന്ന ഒരു താരം വിട പറഞ്ഞിട്ട് ഇന്നേക്ക് 40 വർഷം . ജയന്റെ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. മലയാള സിനിമയിലെ ആക്ഷൻഹീറോ കഥാപാത്രങ്ങളുടെ തുടക്കം ജയനിലൂടെയാണെന്ന്തന്നെ പറയാം.
1939 ജൂലായ് 25 ന് കൊല്ലം ജില്ലയിലെ തേവളളിയിലെ ഓലയിലാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ജനിച്ചത്. സ്കൂളിലെ എൻ.സി.സി ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. പതിനഞ്ച് വർഷത്തെ നാവികജീവിതത്തിനു ശേഷമായിരുന്നു അദ്ദേഹം സിനിമാരംഗത്തേക്കെത്തുന്നത്.1974 ല്‍ റിലീസ് ചെയ്ത ശാപമോക്ഷമായിരുന്നു ആദ്യ ചിത്രം. 1976 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്‍ത പഞ്ചമിയാണ് അഭിനയജീവിതത്തിലെ വഴിത്തിരിവായത്. മലയാളസിനിമയിലെ കരുത്തനായ പ്രതിനായകനായി മാറിയ അദ്ദേഹം പിന്നീട് ഉപനായകനായും നായകനായും വളര്‍ന്നു. ഹരിഹരന്റെ ശരപഞ്ജരമാണ് ജയന്‍ നായകനായ ആദ്യചിത്രം. ഐ വി ശശിയുടെ അങ്ങാടിയിലെ അഭിനയം ജയന്റെ താരപരിവേഷത്തിനു മാറ്റുകൂട്ടി. ജയന്‍-സീമ ജോടി അക്കാലത്ത് ചെറുപ്പക്കാരുടെ ഹരമായിരുന്നു.
കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16 ആം തിയതി അദ്ദേഹം അകാലമൃത്യുവടയുന്നത്. നാല്‍പ്പത്തിഒന്നാം വയസ്സിലാണ് മരണത്തിനു കീഴടങ്ങിയത്.തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്.
Comments
Post a Comment