നെടുമുടി വേണു (73) ഓർമയായി.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ.വേണുഗോപാൽ എന്ന വേണു ജനിച്ചത്. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്. നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ നെടുമുടി വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെ ഒരുപാട് റോളുകൾ അഭിനയിച്ചു.ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചിരുന്നു.ഭാര്യ: ടി.ആർ.സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.
Comments
Post a Comment