കേരളം ആക്രമോത്സുകമായ ട്രേഡ് യൂണിയനിസമുള്ള സംസ്ഥാനമാണെന്ന പ്രതിഛായ മാറണമെന്ന് കോടതി നിർദേശിച്ചു. നോക്കുകൂലി അവസാനിപ്പിക്കണമെന്നും ആ വാക്ക് ഇനി കേൾക്കരുതെന്നും ഹൈക്കോടതി. നോക്കുകൂലി ചോദിച്ചാൽ കൊടിയുടെ നിറം നോക്കാതെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
ഇതു സംബന്ധിച്ച ഹർജി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി. ആ ദിവസം പുതുചിന്തകൾക്കും പരിഷ്കൃതമായ നടപടിക്കുമുള്ള ദിനമായിരിക്കട്ടെയെന്നും പറഞ്ഞു. നോക്കുകൂലി വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ട്രേഡ് യൂണിയനുകൾ ഇല്ലെങ്കിൽ ചൂഷണം നടക്കാം. എന്നാൽ, യൂണിയനുകൾ നിലകൊള്ളേണ്ടത് നിയമപരമായ അവകാശങ്ങൾക്കാണ് അടിപിടിയുണ്ടാക്കാനല്ല എന്നും കോടതി പറഞ്ഞു. തൊഴിലാളി യൂണിയൻ അംഗങ്ങളിൽ നിന്ന് പൊലീസ് സംരക്ഷണം തേടി കൊല്ലം അഞ്ചൽ സ്വദേശി ടി.കെ.സുന്ദരേശൻ നൽകിയ ഹർജിയാണു കോടതി പരിഗണിക്കുന്നത് .
റജിസ്റ്റർ ചെയ്ത തൊഴിലാളിക്കെതിരെയുള്ള പരാതികളിൽ ജോബ് കാർഡ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളും. ജാമ്യമില്ലാ വകുപ്പ് അടക്കം ചുമത്തി കേസ് റജിസ്റ്റർ ചെയ്യുമെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.
Comments
Post a Comment