ഇന്ത്യക്കാരനായ പരിസ്ഥിതി വിദഗ്ദ്ധനാണ് മാധവ് ഗാഡ്ഗിൽ . 1942ൽ പൂനെയിലാണ് ജനനം.ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി ( WGEEP). ജൈവ വൈവിദ്ധ്യ - പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധർ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിന്റെ പേരിൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്.
പരിസ്ഥിതിലോലമെന്ന വിഭാഗത്തിൽ പെടുത്തേണ്ട പശ്ചിമഘട്ടത്തിന്റെ അതിരുകൾ ഏതെന്നതാണ് സമിതി പ്രധാനമായും നിർണ്ണയിച്ച ഒരു കാര്യം. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൂടി അറബിക്കടലിന് സമാന്തരമായി കടന്നുപോകുന്ന ഏതാണ്ട് 1490 കി.മീ. ദൈർഘ്യവും കുറഞ്ഞത് 48 കി.മീ. മുതൽ 210 കി.മീ. വരെ പരമാവധി വീതിയും 129037 ചതുരശ്ര കി.മീ വിസ്‌തൃതിയുമുള്ള പശ്ചിമഘട്ട മലനിരകളാണ് സമിതിയുടെ പഠനത്തിന് വിധേയമായത്. ഇത് മഹാരാഷ്ട്രയിലെ താപി നദിയുടെ തീരത്തുനിന്നും ആരംഭിച്ച് തെക്കോട്ട് കന്യാകുമാരിയിൽ വരെ വ്യാപിച്ചു കിടക്കുന്ന 8°19′8″N 72°56′24″E മുതൽ 21°16′24″N 78°19′40″E വരെയുള്ള അക്ഷാംശ രേഖാംശാ പ്രദേശമാണ്
വികസനപ്രവർത്തനങ്ങളുമായ് ബന്ധപ്പെട്ട് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളും സമിതി നിർദ്ദേശിച്ചു. ഇവയുടെ ചുരുക്കം താഴെ കൊടുക്കുന്നു.
ജനിതകമാറ്റം വരുത്തിയ വിത്തുകൾ പാടില്ല.
പ്ലാസ്റ്റിക് ഉപയോഗം മൂന്നു വർഷം കൊണ്ട് നിർത്തണം.
അഞ്ച് മുതൽ പത്തുവർഷം കൊണ്ട് ജൈവകൃഷിയിലേക്ക് മാറണം.
പ്രത്യേക സാമ്പത്തിക മേഖലയോ പുതിയ ഹിൽസ്റ്റേഷനോ പാടില്ല.
പൊതുഭൂമി സ്വകാര്യവത്കരിക്കാൻ പാടില്ല.
വനഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. കൃഷിഭൂമി കൃഷിയൊഴികെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.
പഞ്ചായത്ത് തലത്തിലുള്ള വികേന്ദ്രീകൃത ജലവിഭവ പരിപാലന പദ്ധതികൾ ഉണ്ടാക്കണം.തനതു മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക പ്രോത്സാഹാഹനം കൊടുക്കണം.
ഏകവിളത്തോട്ടങ്ങൾ പാടില്ല.
മേഖലയിൽ പുതിയ ഖനനം അനുവദിക്കരുത്. 2016-ഓടെ ഖനനം നിർത്തണം.
വികേന്ദ്രീകൃത സൗരോർജ്ജ പദ്ധതികൾ തുടങ്ങുക.
റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങൾക്കു ശേഷമേ ആകാവൂ. ഇവയിൽ പരിസ്ഥതിനാശത്തിന്റെ മൂല്യം കണക്കാക്കണം.
പരിസ്ഥതിക്ക് കോട്ടം പറ്റാത്ത രീതിയിലാവണം കെട്ടിടനിർമ്മാണം. സിമന്റ്, കമ്പി, മണൽ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം. എല്ലാ മേഖലകളിലും മഴവെള്ളശേഖരണം, ആധുനിക ഊർജ്ജത്തിന്റെ ഉപയോഗം, മാലിന്യസംസ്കരണം എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കണം.
പുഴകളുടെ തിരിച്ചുവിടൽ അനുവദിക്കരുത്.
വനാവകാശനിയമം കണക്കിലെടുത്ത് കമ്മ്യൂണിറ്റി ഫോറെസ്റ് റിസർവ് എന്ന സംവിധാനം നടപ്പാക്കുക.
മണൽവാരലിനും പാറപ്പൊട്ടിക്കലിനും പുതിയ അനുമതി നൽകരുത്.
പരിസ്ഥിതി മലിനമാക്കുന്ന റെഡ് ഓറഞ്ച് കാറ്റഗറി വ്യവസായങ്ങൾ പുതുതായി അനുവദിക്കരുത്.
10 മെഗാവാട്ടിൽ കുറഞ്ഞുള്ള ജലവൈദ്യുതി പദ്ധതികളാവാം. വലിയ കാറ്റാടി പദ്ധതികൾ പാടില്ല.
കാലാവധി കഴിഞ്ഞ ജലവൈദ്യുത പദ്ധതികൾ 30-50 വർഷമെടുത്ത് ഡീക്കമ്മീഷൻ ചെയ്യണം.
ഇവയ്ക്കു പുറമെ തനതു മൃഗങ്ങളെ വളർത്തുന്നവർക്ക് പരിരക്ഷണ സേവനത്തിനുള്ള കൂലി നൽകണമെന്നും, കാവുകളും കണ്ടൽക്കാടുകളും സംരക്ഷിക്കുന്നതിന് സഹായധനം കൊടുക്കണമെന്നും പരിസ്ഥിതിബോധവത്കരണ പ്രവർത്തനങ്ങൾക്കായി സ്കൂളുകളിലെയും കോളേജുകളിലെയും പരിസ്ഥിതി ക്ലബ്ബുകളുടെ സേവനം മുതലെടുക്കണമെന്നും സമിതി നിർദ്ദേശിക്കുന്നു.[ അതിരപ്പിള്ളി, ഗുണ്ടിയ അണക്കെട്ടുകൾ വേണ്ട എന്നും ഗോവയിലും മഹാരാഷ്ട്രയിലും പുതിയ ഖനനം നിയന്ത്രണ വിധേയമായേ ആകാവൂ എന്ന നിലപാടാണ് സമിതി എടുത്തത്.
2013-ൽ അദ്ദേഹം പറഞ്ഞിരുന്നു - "പശ്ചിമഘട്ടം ആകെ തകർക്കപെട്ടിരിക്കുകയാണ്. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെകാത്തിരിക്കുന്നത് വൻ ദുരന്തം . അതിന് നിങ്ങൾ വിചാരിക്കുന്നതുപോലെ യുഗങ്ങൾ ഒന്നും കാത്തിരിക്കേണ്ട . നാലോ അഞ്ചോ വർഷം മതി.അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും . ആരാണ് കള്ളം പറയുന്നത് എന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാകും."
വർഷം നാലും അഞ്ചും കടന്നുപോയി ഇപ്പോൾ അദ്ദേഹം പറഞ്ഞ പോലെ പോലെ കേരളത്തിൽ വൻ ദുരന്തങ്ങൾ വന്നെത്തി. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് അത് ഇതിലും വലിയ ദുരന്തങ്ങൾ ആയിരിക്കും.
Comments
Post a Comment